Monday, 6 June 2016

ശ്രീ നാരായണഗുരുദേവന്‍  - ദൈവമോ അല്ലയൊ ?
                                              "ഓം ശ്രീ നാരായണ പരമഗുരവേ നമ: "

"ശ്രീ നാരായണ ഗുരുദേവന്‍ ദൈവമാണോ ,  അല്ലയൊ" എന്നൊരു വിഷയത്തെപറ്റി ആലോചിക്കാന്‍ പോലുമുള്ള  പരിജ്ഞാനമോ, ബുദ്ധിയോ എനികില്ല. എന്നാല്‍ ഇന്ന് ഇങ്ങനൊരു  വിഷയത്തെ പറ്റി എനിക്ക് ഇവിടെ എഴുതണമെന്നു തോന്നി, കുറച്ച് നാളുകള്‍ക്കു മുന്‍പ് എന്‍റെയൊരു പ്രിയസുഹൃത്ത് ഈ ചോദ്യം എന്നോട് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു "ഗുരുദേവന്‍ ദൈവമാണെന്ന്" (എന്തുകൊണ്ട് അങ്ങനെ പറഞ്ഞെന്നു അറിയില്ല, അങ്ങനെ തോന്നി, പറഞ്ഞു )പക്ഷെ അദേഹത്തിന്‍റെ മറുപടി എന്നിലെ ആത്മവിശാസത്തില്‍  മങ്ങലേല്‍പിച്ചു... കാരണം എന്‍റെ ഉത്തരം തീര്‍ത്തും എന്‍റെ തോന്നലാണ്, അതിനെ സാധുകരിക്കാന്‍ പോന്ന അറിവോ, ഉദാഹരണങ്ങളോ എന്‍റെ പക്കല്‍ ഇല്ലായിരിന്നു. ഈ ചോദ്യം വീട്ടില്‍ ചോദിച്ചപോഴും നിരാശ ആയിരിന്നു ഫലം.... അതുകൊണ്ട് എന്ത് വിലകൊടുത്തും അറിയണം എന്ന വാശി ഒടുവില്‍ എന്നെ ഉത്തരത്തില്ത്തിച്ചു, അതിലേക്ക് നയിച്ച  അല്ലെങ്കില്‍ എന്‍റെ സംശയങ്ങള്‍ക്ക് മൃത്യു കല്‍പ്പിച്ച വളരെ ചുരുങ്ങിയ ആ അറിവ് ഇവിടെ എഴുതുന്നു...,, ഇതില്‍ നിന്നും ഒരു ഉത്തരം സ്വയം വന്നു ചേരുന്നതാണ്...., ഇത് ആ സുഹൃത്തിനു വേണ്ടിയും കൂടിയാണ് എഴുതുന്നത്,  എത്രമാത്രം ശരിയാകുമെന്ന് അറിയില്ല, ഒന്നുണ്ട് എഴുതുന്നകാര്യം തെറ്റല്ല എന്ന പൂര്‍ണ്ണബോധ്യം അതുകൊണ്ട് തന്നെ ശ്രീ നാരായണ ഗുരുവിനെ മനസ്സില്‍ സ്മരിച്ചുകൊണ്ട് കാര്യത്തിലേക്ക് കടക്കാം...... 


നമ്മള്‍ എല്ലാവരും ഗുരുവിനെ പറ്റിയും, ഗുരു മനുഷ്യരാശിയുടെ നന്മക്കായ് നല്‍കിയ മഹത്തായ  സംഭാവനകളെ പറ്റിയും ഇതിനോടകം കുടുംബയോഗങ്ങളിലും, ചതയദിനാഘോഷങ്ങളിലും, കവല പ്രസംഗങ്ങളിലും, പോതുവേധികളിലും  ശ്രവിച്ചിരികുന്നു... ഈ സ്ഥലങ്ങളിലെല്ലാം ഗുരുവിനെ പല പല Tag Nameലാണ് കേട്ടിരികുന്നത്  " ഗുരുദേവന്‍ സാമൂഹിക പരിഷ്കര്‍ത്താവാണ് , മതചിന്തകനാണ്, വിപ്ലവകാരിയാണ്, യുഗപുരുഷനാണ്, നവോത്ഥാന നായകനാണ്" അങ്ങനെ പലതും, എന്നാല്‍ ആരാണ് ഗുരു ???

1) "ദിവ്" എന്ന സംസ്കൃത ധാതുവില്‍ നിന്നാണ് ദൈവമെന്ന പദത്തിന്‍റെ  നിഷ്പ്പത്തി. അതിനര്‍ത്ഥം "പ്രകാശം" എന്നാണു. സ്വയം പ്രകാശിക്കുകയും മറ്റുള്ള എല്ലാറ്റിനെയും പ്രകാശിപ്പിക്കുന്ന യാതൊരു ചൈതന്യവിശേഷമുണ്ടോ അതാണ്‌ ദൈവം (സംസ്കൃതത്തില്‍ ദൈവമെന്നാല്‍ "വിധി " എന്നാണര്‍ത്ഥം). ദൈവം പ്രകാശസ്വരൂപനാണ്.

ഇനി ഗുരു എന്ന പദത്തില്‍ "ഗു" എന്ന അക്ഷരം അന്ധകാരത്തെ കുറിക്കുന്നു,     "രു" എന്ന പദം "ആ അന്ധകാരത്തെ നിരോധിക്കുന്നു" എന്നും , "അന്ധകാരത്തെ മായ്കുന്നതെന്തോ അതാണ്‌ ഗുരു" അതായത് "പ്രകാശം" എന്നുതന്നെ ഗുരുവിനും അര്‍ഥം. അതിനാല്‍ വേദാന്തശാസ്ത്രം ഉത്ഘോഷികുന്നു    "ഗുരുവും ദൈവവും ഒന്നുതന്നെ..."

2) ഗുരുദേവന്‍റെ ലോകോത്തരങ്ങളായ സംഭാവനകളില്‍ വച്ച് ഏറ്റവും മുഖ്യമായ ഒന്നാണ് "ശ്രീ നാരായണ ധര്‍മ്മം  അഥവാ ശ്രീ നാരായണസ്മൃതി " എന്ന ധര്മ്മശാസ്ത്രത്തിന്‍റെ രചന. ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണം വരെയുള്ള ജീവിതവൃത്തികളെ കുറിച്ചും കര്‍മ്മാനുഷ്ടാനങ്ങളെ പറ്റിയും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഈശ്വരനെ ഉപാസിച്ചു, സാക്ഷാല്‍ക്കരിച്ച് പരമാനുഭൂതിയോട് കൂടികഴിയുക എന്നതാണ് ഗുരുദേവന്‍ വിഭാവനം ചെയ്യുന്ന മോക്ഷപ്രാപ്തി. ഈ പരമാനന്ദ പ്രാപ്ത്തിക്ക് ആവശ്യമായ ഉപായങ്ങളില്‍ ഗുരുദേവന്‍ ശ്രീ നാരായണദര്‍മ്മത്തില്‍ ഉപദേശിച്ചട്ടുള്ളവയില്‍ വച്ച് ഏറ്റവും പ്രാധാന്യമാര്‍ന്നതാണ് "പഞ്ചമഹായജ്ഞം"
  1) ബ്രഹ്മയജ്ഞം - ആദ്ധ്യാത്മിക ഗ്രന്ഥങ്ങളുടെ പാരായണം , സ്വാദ്ധ്യായം,          പഠനം , പ്രചരണം.
 2) ദൈവയജ്ഞം  - ഈശ്വരനെയും, ഗുരുക്കന്മാരെയും വിധിപ്രകാരം  പൂജിക്കുക, ആദരിക്കുക, ആരാധിക്കുക.
 3) പിത്രുയജ്ഞം  - മാതാപിതാക്കന്മാരെ വേണ്ടവണ്ണം സംരക്ഷിച്ചു , അവരെ  പരിപാലിച്ചു, അവരുടെ അനുഗ്രഹം നേടി, മരണാനന്തരം ആത്മാവിന്‍റെ  മോക്ഷപ്രാപ്ത്തിക്കായ്‌ വേണ്ട കര്‍മങ്ങള്‍ അനുഷ്ട്ടിക്കുക.
 4) ഭൂതയജ്ഞം     - ഭൂമിയിലുള്ള ചരങ്ങളെയും അച്ചരങ്ങളെയും മറ്റു  ജീവജാലകങ്ങളെയും സ്നേഹിച്ചു , സഹായിച്ചു അവയെ പരിപാലിക്കുക.
 5) മാനുഷികയജ്ഞം - ദു:ഖിതര്‍, ഭ്രിത്യന്മാര്‍, നിരാലംബര്‍,  സാധുവിദ്യാര്‍ത്ഥികള്‍, സഹായമര്‍ഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക്  വേണ്ടതായ സമാശ്വാസം നല്‍കുക.

മേല്‍പറഞ്ഞ ഉപാസന സമ്പ്രദായം അനുഷ്ട്ടികുന്നത് മൂലം ഭക്തജനങ്ങള്‍ക്ക് ദാരിദ്രദു:ഖ ദുരിത രോഗാധികഷ്ടതകളില്‍ നിന്നും മുക്തി നേടി സമാശാസം കണ്ടെത്താനാവുന്നു, അതിനാല്‍ ഈശ്വരോപാസനക്ക് ഇനി മറ്റൊരു മാര്‍ഗ്ഗം തിരയേണ്ടതില്ല. മനുഷ്യരാശിയുടെ നന്മകായ്കൊണ്ട്  ഇപ്രകാരത്തിലുള്ള ഒരു ഉപാധി നമുക്ക്‌ മുന്നില്‍ തുറന്നു തന്ന ഗുരുവിനെ ദൈവനാമത്തിലല്ലാതെ   മറ്റൊരു നാമവിശേഷണം നല്‍കാന്‍ ആഗ്രഹികുന്നില്ല.



3)തികഞ്ഞ അന്വേഷണ ബുദ്ധിയുള്ളവര്‍ക്ക് മാത്രമെ ഗുരുദേവന്‍റെ യഥാര്‍ത്ഥ സ്വരൂപം ദര്‍ശനമാകുകയുള്ളൂ. ഈ വിഷയം മഹാകവി കുമാരനാശാന്‍ വളരെ സുവ്യക്തമായ് “ഗുരുസ്തവത്തില്‍” പറഞ്ഞിരിക്കുന്നു :
“ആരായുകിലന്ധത്ത്വമൊഴിച്ചാദി മഹസ്സിന്‍
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം
ആരാദ്ധ്യനതോര്‍ത്തീടുകില്‍ ഞങ്ങള്‍ക്കവിടുന്നാം
നാരായണ മൂര്‍ത്തേ ഗുരു നാരായണ മൂര്‍ത്തേ”

“സുസൂക്ഷ്മമായ് അവധാനതയോടെ അന്വേഷിക്കുമ്പോള്‍, മുന്‍വിധി കീഴ്പെടുത്താത്ത സത്വബുദ്ധികൊണ്ട് ആരായുമ്പോള്‍ ജീവന്‍റെ അന്ധത്ത്വം ഒഴിച്ച് ആദി മഹസ്സിന്‍റെ നേരായ വഴികാട്ടുന്ന ഗുരു തന്നെയാണ് പരമമായ ദൈവം”

ഈ ശ്ലോകം ശ്രദ്ധിക്കു :

“ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണു: ഗുരുര്‍ദ്ദേവോ മഹേശ്വര:
ഗുരുര്‍സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ ഗുരവേ നമ: ”

“ ഗുരു സൃഷ്ട്ടികര്‍ത്തവായ ബ്രഹ്മശക്ത്തിയാകുന്നു, സ്ഥിതിക്ക് കാരണഭൂതനായ മഹാവിഷ്ണുവാകുന്നു, സംഹാരമൂര്‍ത്തിയായ മഹേശ്വരനുമാകുന്നു, ബ്രഹ്മാവ്‌, വിഷ്ണു, മഹേശ്വരന്‍ അടങ്ങിയ ത്രിമൂര്‍ത്തികള്‍ക്ക് കാരണമായ പരബ്രഹ്മവും ഗുരുതന്നെ, അങ്ങിനെയാകുന്ന ഗുരുദേവ അങ്ങയെ നമികുന്നു.“

ഇങ്ങനയൊക്കെ ആണെങ്കിലും സമൂഹത്തില്‍ ഇന്നും അറിവില്ലായ്മയുടെ കറുപ്പ് തളംകെട്ടി കിടക്കുകയാണ്. പല തവണ പലരില്‍ നിന്നുമായ്‌ കേട്ടിട്ടുള്ള ഒരു കാര്യം, അതിനുള്ള ഉത്തരം ഇവിടെ എഴുതുന്നു......

"ഗുരുദേവന്‍റെതായി 62 ല്‍ പരം കൃതികളുണ്ട്, അതിലൊരിടത്തും ഈശ്വരാരാധനയെ വിലക്കുന്ന ഒരു ചെറു സൂചന പോലുമില്ല, 73വര്‍ഷത്തെ ഗുരുദേവന്‍റെ ദിവ്യജീവിതത്തെ ആസ്സ്പ്പദമാക്കി 300 ല്‍ പരം ഗുരുദേവ ജീവിത ചരിത്രഗ്രന്ഥങ്ങളുണ്ട്, അവയിലൊന്നില്‍ പോലും ഭൗതിക ചിന്തയെ സമര്‍തഥിക്കുന്ന ബലവത്തായ തെളിവുകളും കിട്ടുകയില്ല." 

"എന്നെ പൂജിക്കരുത്, ആരാധിക്കരുത്.എന്‍റെ പ്രതിമ വയ്ക്കരുത്" എന്ന് ഗുരുവിനെ നേരിട്ടറിയാവുന്ന ഒരു ചരിത്രകാരനൊ, അല്ലെങ്കില്‍ അവരുടെ ചരിത്രഗ്രന്ഥങ്ങളിലൊ കാണാന്‍ കഴിയില്ല, അങ്ങനൊന്ന് പറഞ്ഞു കേട്ടട്ടുമില്ല. 
ഗുരുദേവന്‍ തന്നെ പൂജിക്കണമെന്നോ, പൂജിക്കേണ്ടന്നോ ഒരിക്കലും ഉപദേശിച്ചട്ടില്ല. ഗുരുദേവന്‍റെ കണ്ണില്‍ സകലജീവജാലങ്ങളും തുല്ല്യരായിരിന്നു. ആസ്തികനായ കുമാരനാശാനെയും, നാസ്തികനായ സഹോദരന്‍ അയ്യപ്പനെയും ഒരുപോലെ കണ്ടു, തന്നെ പൂജിക്കുന്നവരോടും, പൂജിക്കത്തവരോടും, എന്തിനേറെ അവഹേളിച്ചവരോട്പോലും ഗുരു ഒരേ നിലയില്‍ വര്‍ത്തിച്ചു.
എന്നിട്ടും ദൈവവിശ്വാസികളില്‍ തന്നെ ചിലര്‍ ഗുരുദേവനെ ഈശ്വരസ്വരൂപമായി ദര്‍ശിചാരധിക്കുന്നതിനെ പരിഹസിക്കുകയും, വിസംമ്മധിക്കുകയും ചെയ്തട്ടുണ്ട്. ഇങ്ങനെ പറയുന്നതിന് കാരണം അവരുടെ അജ്ഞാനം മാത്രമാണ്. ഒരു ഭൗതികശാസ്ത്രജ്ഞന്‍ തന്‍റെ നിരീക്ഷണ - പരീക്ഷ്ണങ്ങള്‍കായി ഭൗതികശാസ്ത്രഗ്രന്ഥങ്ങളെ അവലംബികുന്നത് പോലെ , ദൈവവിശ്വാസങ്ങളിലും , ദൈവതത്ത്വത്തെ  അനാവരണം ചെയ്യുന്ന ഗ്രന്ഥങ്ങളില്‍ വിശ്വാസവും, പരിജ്ഞാനവും നേടിയിരിക്കണം. ഏതൊരു സന്ദേശവും പ്രചരിപ്പിക്കുന്നതിന് മുന്‍പ് അറിയേണ്ട കാര്യമാണ് :-
   1) അധീതി  - അധ്യയനം ചെയ്യുക, മുന്‍വിധി കീഴ്പെടുതാത്ത ബുദ്ധിയുമായി പഠിക്കുക
  2) ബോധം   - പഠിച്ചതിനെ സ്വാശീകരിക്കുക, ജീവിതത്തിന്‍റെ സംസ്കാരമായി മാറ്റുക
 3)  ആചരണം - പഠിച്ചതിനെ ജീവിതത്തിലുടനീളം ആചരിക്കുക
 4) പ്രചരണം   - മേല്‍ പറഞ്ഞ 3 കാര്യങ്ങളും ഉള്‍കൊണ്ടതിനുശേഷം മാത്രം പ്രചരിപ്പിക്കുക , അതല്ലാതെ വരുമ്പോഴാണ് മൂല്യശോഷണം സംഭവിക്കുന്നത്, അപ്പോള്‍  വ്യക്തവും-അര്‍ത്ഥവുമില്ലാത്ത  കാര്യങ്ങളെ ആര്‍ക്കും പറയാം എന്ന അവസ്ഥയാകും.

പരിഷ്ക്കാരികള്‍ എന്ന്സ്വയം വിശ്വസിക്കുന്ന ചില ഉപരിപ്ലവാധികളുണ്ട്, മുന്നും പിന്നും നോക്കാതെ പ്രസംഗിക്കുന്നവര്‍,  ഈ വാദം ശ്രദ്ധിക്കു  :-
"ശ്രീ നാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയട്ടു പറഞ്ഞത് നിന്നേക്കാള്‍ വലിയ ദൈവമില്ലന്നാണ് , അതുകൊണ്ട് വിഗ്രഹങ്ങളെ പൂജിക്കണ്ട ആവശ്യമില്ല " അതുപോലെ   "ഗുരുദേവന്‍ പറഞ്ഞാക്കണത്‌ എന്നെ പൂജിക്കണ്ട, എന്നെ ആരാധിക്കണ്ട, ഞാന്‍ ദൈവമല്ല  എന്നാണ് പിന്നെന്തിനാണ് അമ്പലങ്ങളില്‍ പോണത്, ഫോട്ടോ വെച്ച് ആരാധിക്കണതും, പൂജിക്കണതും ഗുരുദേവന്‍ പറഞ്ഞതിന് എതിരല്ലേ ചെയ്യണത് " എന്നൊക്കെ, ഗുരു കണ്ണാടി  പ്രതിഷ്ഠ നടത്തിയട്ടു പറഞ്ഞത് "നീ നിന്നെ തന്നെ കണ്ടെത്തു"എന്നാണു അതായത് എല്ലാവരുടെയും ഉള്ളില്‍  ഈശ്വരചൈതന്യം കുടിയിരിപ്പുണ്ട്, അതിനെ അറിയുക , ആ ചൈതന്യത്തെ വളര്‍ത്തിയെടുക്കുക, എല്ലാത്തിനും ഹേതുവായ ആ പരബ്രഹ്മത്തില്‍  ലയിക്കുക" ഇതാണ് സത്യാവസ്ഥ. ഗുരുവിനെ പൂജിക്കുന്ന വിഷയം മുകളില്‍ നേരത്തെ ചര്‍ച്ച ചെയ്യപെട്ടതാണ്. ഇങ്ങനെ  അവരവരുടെ വാസനയ്കൊത്തവണ്ണം ഓരോ പൊള്ളയായ വാദങ്ങളും അതിനെ ന്യായീകരിക്കാന്‍ ഓരോ കാരണങ്ങളും പടച്ചുവിടുന്നതിന് ഈ കൂട്ടര്‍ക്ക് യാതൊരു മടിയുമില്ല. ഇതുപോലെയുള്ള കപട പരിഷ്ക്കാരികളുടെ വിലകുറഞ്ഞ വാദങ്ങള്‍ക്ക് ഇനി ചെവികൊടുക്കാതിരിക്കണമെങ്കില്‍ നമ്മള്‍ അറിവ് സ്വയം കണ്ടതേണ്ടിയിരികുന്നു.... ഈ അറിവ് നേടാന്‍ കാരണമായ എന്‍റെ സുഹൃത്തിന് നന്ദി നേരുന്നു അതുപോലെ എന്നെ സഹായിച്ചത് " ശ്രീ സച്ചിദാനന്ദ സ്വാമിയുടെ രചനയില്‍ വിരിഞ്ഞ ഗുരുപ്രണാമം ഗ്രന്ഥാവലിയുടെ 15-)മത്തെ പ്രസിദ്ധീകരണമായ "ശ്രീ നാരായണ ഗുരുദേവന്‍റെ ഈശ്വര ഭാവവും ചതയ നക്ഷത്ര പൂജയും"" എന്ന ഗ്രന്ഥത്തില്‍  നിന്നാണ് എഴുതിയതെല്ലാം തന്നെ.  ഈ ലേഖനം ഇവിടെ അവസ്സാനിക്കുമ്പോഴും എനിക്ക് പറയാനുള്ളത് ശ്രീ നാരായണ ഗുരുദേവനെ പറ്റിയുള്ള എന്‍റെ അറിവുകള്‍ മാത്രമാണ്  ഇവടെ അവസാനികുന്നത് , ഗുരു സര്‍വ്വവ്യാപിയാണ്, ഈശ്വരനാണ്, പ്രകാശമാണ്.

 "ഗധ്യപ്രാര്‍ത്ഥന "യുടെ ഒരു ഭാഗം ഇവടെ ഉദ്ധരിച് ചേര്‍ക്കുന്നു

" നാം ശരീരമല്ല അറിവാകുന്നു, ശരീരം ഉണ്ടാകുന്നതിനു മുന്‍പും അറിവായ നാം ഉണ്ടായിരിന്നു. ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടേയിരിക്കും. ജനനം, മരണം, ദാരിദ്രം, രോഗം, ഭയം ഇതൊന്നും നമ്മെ തീണ്ടുകയില്ല... "

                                                                       നന്ദി

                                                                       ശുഭം

No comments:

Post a Comment